Wednesday, April 19, 2017

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയo

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കേണ്ടത് എന്ന ചോദ്യം ഇതുവരെ ചരിത്രകാരന്മാരുടെ മുന്നില്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രമല്ല രാഷ്ട്രീയ വിചാരധാരയുടെ ചരിത്രം. ഒരു സമൂഹമെന്ന നിലയില്‍ പ്രാദേശികമോ ദേശീയമോ അന്തര്‍ദേശീയമോ ആയ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉരുത്തിരിയുമ്പോഴാണ് അവിടെ രാഷ്ട്രീയം നാമ്പെടുക്കുന്നത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടുതന്നെ മുസ്‌ലിം സമൂഹം ജീവിച്ചിരുന്ന കേരളക്കരയില്‍ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത് പോര്‍ട്ടുഗീസുകാരുടെ ആഗമനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ (1583) ആയിരിക്കണം രാഷ്ട്രീയ സംബന്ധിയായ പ്രഥമ ചരിത്ര പ്രമാണം. 1498ല്‍ പറങ്കികള്‍ കോഴിക്കോടിനടുത്ത് പന്തലായനിയില്‍ കപ്പലിറങ്ങിയതോടെ വാണിജ്യ-സാമൂഹിക തുറകളില്‍ തുടക്കം കുറിക്കുന്ന അതിക്രമങ്ങളുടെയും അതുവഴി മുസ്‌ലിം സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന നാശനഷ്ടങ്ങളുടെയും വ്യക്തമായ ചിത്രം ശൈഖ് മഖ്ദൂം വരച്ചുകാട്ടുണ്ട്. മലബാറും അറബ്‌രാജ്യങ്ങളും നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വാണിജ്യപരവും സാംസ്‌കാരികവുമായ ആദാനപ്രദാനങ്ങളുടെ നാഭീനാള ബന്ധം മുറിച്ചുമാറ്റാനുള്ള പോര്‍ച്ചുഗീസ് കോളനിശക്തികളുടെ ഹീന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനു കേരളീയരെ ഉണര്‍ത്തിയും തനിക്ക് സ്വാധീനമുള്ള രാജാക്കന്മാരെ അണിചേര്‍ത്തും അദ്ദേഹം നടത്തിയ യുദ്ധാഹ്വാനം ചിന്താപരമായ അരുണോദയത്തിന് നാന്ദികുറിച്ചു. മുസ്‌ലിം രാഷ്ട്രീയ വിചാരഗതിയുടെ പ്രതിരോധ മാനം ഉരുത്തിരിയുന്ന ഈ ഘട്ടത്തെക്കുറിച്ച് ചരിത്രകാരനായ സ്റ്റീഫന്‍ ഫെഡ്രറിക് ഡെയ്ല്‍ നിരീക്ഷിക്കുന്നത് കാണുക. ''പറങ്കികളുടെ കൊള്ളയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസല്‍മാനെ സ്വന്തം സ്വത്വത്തെ കുറിച്ചു ബോധവാനാക്കുവാനും മലയാളി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് സ്വന്തം ശക്തി സംഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുളള യുദ്ധങ്ങള്‍ മുസല്‍മാനെതിരായുള്ള കുരിശു യുദ്ധങ്ങളായിട്ടാണ് അവര്‍ നടത്തിയിരുന്നത്. ഇതിനോടുള്ള പ്രതികരണം ആയിരുന്നു മുസല്‍മാന്റെ ഈ മനഃസ്ഥിതി''. (Stephen Frederick Dale, The Mappilas of Malabar 1498-1922, Islamic Society on the South Asian Frontier, Oxfor University Press, New York,1980, പേജ് 64).
1921ലെ ഖിലാഫത്ത് യുദ്ധങ്ങള്‍ വരെയുള്ള മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം വിദേശ കോളനി ശക്തികളെ ചെറുത്തുതോല്‍പിച്ച്, സ്വന്തം അസ്തിത്വം നിലനിര്‍ത്താനുള്ള ഒരു ജനതയുടെ അത്യപൂര്‍വ്വമായ അതിജീവന തന്ത്രത്തിന്റേതാണ്. ആ ചെറുത്തുനില്‍പ് പോരാട്ടത്തിനു അവര്‍ക്ക് ഇന്ധനമായി വര്‍ത്തിച്ചതും പ്രതിസന്ധികളെ അതിജീവിക്കാനുള്ള രാസത്വരകമായി മാറിയതും മതാധ്യാപനങ്ങളും ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തിനു (ജിഹാദ്) ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യവുമാണ്. ഇത് ഒരു മലബാര്‍ പ്രതിഭാസമായിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 18-ാം നൂറ്റാണ്ടുമുതല്‍ ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോഴും അതിനുപിന്നില്‍ വര്‍ത്തിച്ച മുഖ്യ ഇന്ധനം മതാവേശമായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിക്കുന്ന, രാജ്യവ്യാപക ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇത്ര വ്യാപകമായി ഭരണവിരുദ്ധമായി എന്ന് പഠിക്കാന്‍ നിയുക്തനായ സിവില്‍ ഉദ്യോഗസ്ഥന്‍ ഡബ്യൂ.ഡബ്യൂ ഹണ്ടറിന്റെ മുന്നില്‍ വൈസ്രോയി മായോ പ്രഭു വെച്ച ചോദ്യമിതായിരുന്നു: 'Are the Indian Musalmans bound by their Religion to rebel against the Queen? (The Indian Musalmans-W.W.Hunter) രാജ്ഞിക്കെതിരെ കലാപം നടത്താന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ മതപരമായി ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിനു ചരിത്രകാരനായ കെ.എം.പണിക്കര്‍  നല്‍കുന്ന ഉത്തരമിതാണ്. 'കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക പ്രത്യയശാസ്ത്ര കടന്നുകയറ്റവും ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും മതസേവനം ജീവിത വൃത്തിയാക്കിയ ഉലമാക്കളിലും മറ്റും അസംതൃപ്തിയുളവാക്കി. ബാഹ്യസ്വാധീനങ്ങളെ നേരിടാന്‍ സ്വന്തം മതവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് മുസ്‌ലിം മതപണ്ഡിതര്‍ കരുതി. ഈ പശ്ചാത്തലത്തില്‍ അവരുടെ മത ബോധനങ്ങള്‍ക്ക് ബ്രിട്ടീഷ് വിരുദ്ധതയുടെ  മുഖം ലഭിച്ചത് സ്വാഭാവികമാണെന്നുകാണാം. മാപ്പിളകര്‍ഷകരുടെ പ്രത്യയശാസ്ത്രലോകം അവര്‍ക്കിടയിലുള്ള പാരമ്പര്യബുദ്ധിജീവികളുടെ പ്രബോധനങ്ങളുടെയും ശാസനകളുടെയും നിയന്ത്രിത പരിധിക്കുള്ളിലായി. മാപ്പിളകര്‍ഷകര്‍ അവരുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്കുള്ള ഊര്‍ജം സംഭരിച്ചത് ഈ ആശയലോകത്തുനിന്നാണ'.
പറങ്കികള്‍ക്കെതിരെ നായര്‍പട നയിച്ച യുദ്ധങ്ങളെ സൈനുദ്ദീന്‍ മഖ്ദൂം വാനോളം പുകഴ്ത്തുന്നുണ്ട്. കോഴിക്കോട്ടെ ഖാസിമുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് (മരണം 1616) 'ഫത്ഹുല്‍ മുബീന്‍' (വ്യക്തമായ വിജയം) എന്ന പ്രശസ്തമായ ഒരു ഗ്രന്ഥം തന്നെ രചിച്ചത് സാമൂതിരി രാജാവും നായര്‍ പടയാളികളും മുസ്‌ലിം പോരാളികളും ചേര്‍ന്നു ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട അക്രമിച്ചു തകര്‍ത്തതിന്റെ വിജയം ആഘോഷിക്കാനാണ്. ആ ആഘോഷം ഉള്‍വഹിക്കുന്ന ചോദനകളെ സ്പര്‍ശിച്ചുകൊണ്ട് ചരിത്രകാരന്‍ എം.ഗംഗാധരന്‍ മുന്നോട്ടുവെക്കുന്ന പ്രസക്തമായൊരു നിരീക്ഷണമിതാണ്: 'ഒരു നാടിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിദേശത്തു നിന്നു ലഭിക്കാവുന്ന വമ്പന്‍മാരുടെ സഹായത്തേക്കാള്‍ വിശ്വസിക്കാവുന്നതും ഉറപ്പിക്കാവുന്നതും ആ നാട്ടിലുള്ളവരുടെ യോജിപ്പില്‍നിന്നുണ്ടാവുന്ന വീര്യത്തെയാണ് എന്ന സൂചന കാവ്യത്തിലുള്ളത് കാണാതിരുന്നുകൂടാ. ഇത് വാസ്തവത്തില്‍ യഥാര്‍ത്ഥ മതേതര വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതും ഇന്നും പ്രസക്തിയുള്ളതുമായ പാഠമാണെന്നതില്‍ സംശയമില്ല. (മാപ്പിള പഠനങ്ങള്‍-എം ഗംഗാധരന്‍ പേജ് 37). തങ്ങള്‍ ജീവിക്കുന്ന സവിശേഷമായ ജീവിത പരിസരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, തന്നെയാണ് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചിന്ത തുടക്കം മുതല്‍ക്കേ വികാസം പ്രാപിച്ചതെന്ന് ചുരുക്കം.
എന്നാല്‍, പാശ്ചാത്യ അധിനിവേശ ശക്തികള്‍ അവര്‍ക്ക് മുന്നില്‍ നിരത്തിയ വെല്ലുവിളികള്‍ മറ്റൊരു സമൂഹവും അഭിമുഖീകരിക്കാത്തതായിരുന്നു. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രഥമ ജനകീയ സമരമായിരുന്നു 1697ല്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കോട്ട പ്രതിരോധിച്ചുകൊണ്ട് നായര്‍ മാടമ്പിമാരും മുസ്‌ലിം വ്യാപാരികളും ഏകോപിച്ചു നടത്തിയ പ്രതിരോധം. ഇതാകട്ടെ വരാനിരിക്കുന്ന പോരാട്ടപരമ്പരകളുടെ പ്രോദ്ഘാടനമായിരുന്നു. കുരിശുയുദ്ധത്തിന്റെ ഓര്‍മകളും നെടുനാള്‍ നീണ്ടുനിന്ന പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങളുടെ അനുഭവങ്ങളും കൊണ്ടാവാം തുടക്കം മുതല്‍ മുസ്‌ലിംകളെ കൊടിയ ശത്രുക്കളായാണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. നാടുവാഴി-ജന്മിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കുടിയാന്മാരും കര്‍ഷകരുമായ പാവപ്പെട്ട മുസ്‌ലിംകളുടെ നീതി നിഷേധിക്കുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിച്ചു. എല്ലാറ്റിനുമുപരി തങ്ങള്‍ക്കെതിരെ തീഷ്ണ വെല്ലുവിളി ഉയര്‍ത്തിയ മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും ആള്‍ക്കാര്‍ എന്ന മനോഗതി ശത്രുതക്ക് ആക്കം കൂട്ടി. മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രത്തെ ബ്രിട്ടീഷ് ആധിപത്യം എങ്ങനെ മാറ്റിയെഴുതി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് കാണുക. 'മൈസൂര്‍ ഭരണത്തെ മുസ്‌ലിംകള്‍ അനുകൂലിച്ചിരുന്നതിനാലും ആലിരാജയുടെ നേതൃത്വത്തില്‍ മലബാറിലെ മുസ്‌ലിംകള്‍ ഇംഗ്ലീഷുകാര്‍ക്കെതിരായി മൈസൂര്‍ പക്ഷത്തു നിന്ന് പടപൊരുതിയവരായിരുന്നതിനാലും ഇംഗ്ലീഷ് ഭരണത്തിന്റെ ഉദ്ഘാടനം തന്നെ മാപ്പിള സമുദായത്തെ തകര്‍ക്കാനുള്ള വെമ്പലോടെയായിരുന്നു. പറങ്കികള്‍ പരസ്യ പ്രഖ്യാപനത്തോടുകൂടിയാണ് മുസ്‌ലിംകളെ നശിപ്പിക്കുവാനുള്ള നീചവൃത്തികള്‍ ചെയ്തിരുന്നതെങ്കില്‍ അതേ നയം, കൂടുതല്‍ ഫലവത്തായി തന്ത്ര പൂര്‍വ്വം പ്രാവര്‍ത്തികമാക്കുകയാണ് ഇംഗ്ലീഷുകാര്‍ ഇന്ത്യയിലുടനീളം അനുവര്‍ത്തിച്ചത്. കേരളത്തില്‍ അവര്‍ നേരിട്ട് ഈ പ്രവൃത്തി ചെയ്യുന്നതിനു പകരം മൈസൂര്‍ ഭരണാധിപന്മാരുടെ കാലത്ത് സ്ഥാന ഭ്രഷ്ടരാക്കപ്പെട്ടിരുന്ന നാടുവാഴികളേയും ഇടപ്രഭുക്കന്മാരേയും അവരവരുടെ പൂര്‍വസ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠ നടത്തി അവരെ ഉപകരണങ്ങളാക്കി തങ്ങളുടെ ലക്ഷ്യം വിജയകരമാക്കുകയാണുണ്ടായത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പറങ്കികളാവട്ടെ, ലന്തക്കാരാവട്ടെ, ഇംഗ്ലീഷുകാരാവട്ടെ, എല്ലാവരും തന്നെ തങ്ങളെ നശിപ്പിക്കുന്നതില്‍ അതീവ നിര്‍ബന്ധക്കാരായിരുന്നു എന്നതാണനുഭവം. യൂറോപ്പില്‍ പയറ്റി പരാജയപ്പെട്ട കുരിശുയുദ്ധത്തിന്റെ തുടര്‍ക്കഥയാണല്ലോ പറങ്കികള്‍ ചെന്നുപെട്ട സ്ഥലങ്ങളിലൊക്കെ ആവര്‍ത്തിച്ചത്. അതേ ദുരന്ത നാടകം തന്നെയാണ് ബ്രിട്ടീഷുകാരും പയറ്റിയത്. രണ്ടും തമ്മിലുള്ള വ്യത്യാസം പറങ്കികളുടേത് പരസ്യ പ്രഖ്യാപനത്തോടുകൂടിയതായിരുന്നുവെങ്കില്‍  ഇംഗ്ലീഷുകാരുടേത് വളരെ ഗോപ്യമായിട്ടായിരുന്നുവെന്നുമാത്രം. ഇവിടെ പഴയ നാടുവാഴികളെയും മാടമ്പിമാരെയുമാണ് മുസ്‌ലിംകളെ അടിച്ചമര്‍ത്തുവാന്‍ ഉപകരണങ്ങളാക്കിയത്. ഈ അവിവിഹിത സമ്പര്‍ക്കം മൂലം ഉണ്ടായേക്കാവുന്ന പ്രയാസം മനസ്സിലാക്കിയ മുസ്‌ലിംകള്‍ അന്നുമുതല്‍ ആരംഭിച്ച ഇംഗ്ലീഷു വിരുദ്ധ പ്രസ്ഥാനം നിരവധി ഏറ്റുമുട്ടലുകള്‍ക്കിടവരുത്തി. (കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവര കണക്ക് ഡയറക്ടറി വാള്യം ഒന്ന് പേജ് 331).
    ഭൂമിയുടെമേലുള്ള കൈവശാവകാശത്തിനു വേണ്ടിയായിരുന്നു മാപ്പിളമാര്‍ ആദ്യമായി പ്രക്ഷോഭങ്ങളിലേര്‍പ്പെടുന്നത്. 19-ാം നൂറ്റാണ്ടിലുടനീളം മുസ്‌ലിം കര്‍ഷകരും കൃഷിത്തൊഴിലാളികളും ബ്രിട്ടീഷുകാരുടെ അനുഗ്രഹാശിസ്സുകളോടെ ജന്മിമാരുടെ പലവിധ ചൂഷണങ്ങള്‍ക്കും ഇരകളാവേണ്ടിവന്നപ്പോള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ബ്രിട്ടീഷ് 'റയ്ത്ത്‌വാരി' സമ്പ്രദായം ജന്മികളെ കുടിയാന്മാരായി പരിഗണിക്കാന്‍ പോന്നതായിരുന്നു. നികുതി പിരിക്കുന്ന വിഷയത്തില്‍ കാട്ടിയ അനീതിയും മുസ്‌ലിംകളുടെമേല്‍ മാത്രം അടിച്ചേല്‍പ്പിച്ച 'പുരുഷാന്തരം' പോലുള്ള ചൂഷണവുമൊക്കെ വ്യാപകമായ അതൃപ്തിക്ക് വഴിയൊരുക്കി. കമ്പനിഭരണത്തിന്റെ ക്രൂരതക്കെതിരെ തുറന്ന പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് കണ്ടപ്പോഴാണ് ഉണ്ണിമൂസയുടെയും ചെമ്പന്‍ പോക്കറിന്റെയും അത്തന്‍ കുരിക്കളുടെയുമൊക്കെ ധീരനേതൃത്വത്തില്‍ പ്രക്ഷോഭ പഥം ജ്വലിപ്പിക്കുന്നത്. 1792 മുതല്‍ 1921 വരെ ചെറുതും വലുതുമായ 83 ലഹളകള്‍ നടന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ഇത്തരം ജനകീയ പ്രക്ഷോഭങ്ങളെ സൈന്യത്തെ ഉപയോഗിച്ചു ചോരയില്‍ മുക്കിയാണ് കമ്പനി ഭരണകൂടം നേരിട്ടത്. എന്നാല്‍ ശക്തമായ ആത്മീയ നേതൃത്വം പോരാട്ടവീര്യം അണയാതെ സൂക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മമ്പുറം സയ്യിദ് അലവി തങ്ങള്‍, അവരുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ ബ്രിട്ടീഷ്‌കാരുടെ നയനിലപാടുകളിലെ വര്‍ഗീയ-വിഭാഗീയ ചിന്താഗതികളെ യഥാവിധി തിരിച്ചറിഞ്ഞ് സാമാന്യജനത്തിന് രണാങ്കണത്തില്‍ പോരാടാന്‍ ആവേശവും ആത്മധൈര്യവും പകര്‍ന്നത് പ്രക്ഷോഭത്തിന് മതകീയ ഭാവം നല്‍കാന്‍ കാരണമായത് സ്വാഭാവികം. ജന്മിമാരുടെ താല്‍പര്യ സംരക്ഷണത്തിനായി പാട്ടവും നികുതിയും ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ നികുതി നിഷേധം എന്ന ആശയത്തിലൂടെ കമ്പനി ഭരണത്തിന്റെ ക്രൂരതയെ നേരിടാന്‍ ഉമര്‍ഖാദി ആഹ്വാനം ചെയ്തു. മഹാത്മഗാന്ധി നികുതി നിഷേധം സമരായുധമായി എടുക്കുന്നതിന്റെ ഒരു നൂറ്റാണ്ട് മുമ്പാണിതെന്ന് ഓര്‍ക്കണം. എന്നാല്‍, എല്ലാവിധ സമരങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ടപ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടിവന്നു. കര്‍ഷകരും സാധാരണ തൊഴിലാളികളും ഈ വിധം ഭരണകൂട വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ട ചരിത്രം രാജ്യത്ത് കൂടുതലായി കാണാന്‍ സാധ്യമല്ല. പാശ്ചാത്യ അധിനിവേശ ശക്തികളോടും അവരുടെ പ്രതിനിധാനങ്ങളോടുമുള്ള കടുത്ത എതിര്‍പ്പ് സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്നതില്‍ മാപ്പിളമാരെ ജാഗ്രവത്താക്കി നിറുത്തിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍നിന്നും പടിഞ്ഞാറന്‍ വേഷഭൂഷാദികളില്‍ നിന്ന് വരെ അകറ്റി നിറുത്തിയത് സ്വാഭാവികം.
    മലബാര്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച, അഗാധതലത്തില്‍ സ്പര്‍ശിക്കപ്പെട്ട സംഭവം 1921ലെ ഖിലാഫത്ത് വിപ്ലവമെന്നും മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നുമൊക്കെ, വ്യാഖ്യാതാക്കളുടെ നിഗമനങ്ങള്‍ക്കൊത്തു വിശേഷിപ്പിക്കപ്പെടുന്ന രക്ത പങ്കിലമായ പോരാട്ടപരമ്പരയാണ്. ഒമ്പതുമാസം നീണ്ടുനിന്ന, പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്ന ആ സംഭവങ്ങള്‍ക്കുശേഷമാണ് കേരള മുസ്‌ലിംകള്‍ മാറിച്ചിന്തിക്കാനും കൂടുതല്‍ ഉല്‍ബുദ്ധത പ്രകടമാക്കാനും തുടങ്ങിയതെന്ന് കാണാം. മഹാത്മാഗാന്ധിയുടെ പൂര്‍ണ അനുഗ്രാശിസുകളോടെ തുടങ്ങിവെച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രതിദ്ധ്വനി ആത്മീയ നേതൃത്വത്തിനു കീഴില്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. അധിനിവേശ ശക്തികള്‍ക്കെതിരെ തുടക്കം മുതല്‍ രണാങ്കണത്തില്‍ ഇറങ്ങിത്തിരിച്ച മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഉസ്മാനിയ്യ ഖിലാഫത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിക്കുക എന്നത് ആവേശകരമായ അനുഭവമായിരുന്നു. മൗലാനാ മുഹമ്മദലിയുടെയും സഹോദരന്‍ ശൗക്കത്തലിയുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം ഖിലാഫത്ത് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയപ്പോള്‍ കേരളത്തിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഖിലാഫത്ത് സമ്മേളനത്തില്‍ 25000ല്‍ അധികം പേര്‍ പങ്കെടുത്തതായി ആധികാരിക രേഖകള്‍ പറയതുന്നു. ഗാന്ധിജിയുടെയും ശൗക്കത്തലിയുടെയും സാന്നിധ്യം സമ്മേളനം വന്‍ വിജയമാക്കി. ഗാന്ധിജിയുടെ പ്രസംഗം 'ദി ഹിന്ദുപത്രം' റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: 'ഏഴുകോടി മുസല്‍മാന്‍മാരോട് ബ്രിട്ടീഷ് ഭരണകൂടം അനീതി കാണിച്ചു. തുര്‍ക്കിയിലെ ഖലീഫ, മുഹമ്മദ് നബിയുടെ അനന്തരവകാശിയാണ്. ലോകത്തിലെ എല്ലാ മുസ്‌ലിംകളുടെയും മതപരവും ആത്മീയവുമായ നേതാവാണദ്ദേഹം. എന്നിട്ടും ഖിലാഫത്ത് നിര്‍ത്തലാക്കാന്‍ മുസല്‍മാന്‍മാരുടെ വിശ്വാസത്തിനെതിരായി ചെയ്ത ഒരനീതിയാണ്. അതിനാല്‍ , ബ്രിട്ടീഷ്‌ സര്‍ക്കാരുമായി നിസ്സഹരിക്കേണ്ടത് എല്ലാ മുസ്‌ലിംകളുടെയും കര്‍ത്തവ്യമാണ്. തങ്ങളുടെ സഹോദരങ്ങളായ മുസല്‍മാന്മാരോട് ഹിന്ദുക്കള്‍ തോളോട് തോള്‍ചേര്‍ന്നു ഖിലാഫത്ത് പ്രസ്ഥാനത്തെ വിജയിപ്പിക്കണം. ഖിലാഫത്തു പ്രസ്ഥാനം നിസ്സഹകരണം കൊണ്ടുമാത്രം ഫലപ്രദമാകുന്നില്ലെങ്കില്‍ മുസല്‍മാന്‍മാര്‍ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന മുസ്‌ലിംകളുടെ കടപ്പാടുകള്‍ക്കനുസൃതം ഇസ്‌ലാമിനെ സംരക്ഷിക്കുവാന്‍ ഭരണകൂടത്തോട് സമരം ചെയ്യണം (ദി ഹിന്ദു -1920, ആഗസ്റ്റ് 19).
മഹാത്മഗാന്ധി ആഹ്വാനം ചെയ്തതിനേക്കാള്‍ ആവേശത്തില്‍ മുസ്‌ലിംകള്‍ സമരത്തിനിറങ്ങി. ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൈകോര്‍ത്തുകൊണ്ടുള്ള ആവേശഭരിതമായ മുന്നേറ്റം നാടാകെ മതമൈത്രിയുടെ പുത്തന്‍ അരുണോദയങ്ങള്‍ സൃഷ്ടിച്ചു. കേരള ഖിലാഫത്ത് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങളായിരുന്നു. ഹസ്സന്‍കോയ മൊല്ല, മേലക്കണ്ടി മൊയ്തീന്‍ എന്നിവരായിരുന്നു സെക്രട്ടറിമാര്‍, യു.ഗോപാല മേനോനായിരുന്നു ജോ.സെക്രട്ടറി. സ്വാതന്ത്ര്യ സമരത്തിന്റെ പടഹധ്വനി കേട്ട് അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ പഠനം പാതിവഴിക്കു ഉപേക്ഷിച്ചിറങ്ങിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടര്‍ന്ന് കാര്യദര്‍ശി പദം ഏറ്റെടുത്തു. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഇ.മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, എം.പി.നാരായണ മേനോന്‍, കെ.പി.കേശവമേനോന്‍, കെ.മാധവന്‍ നായര്‍, മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമ്മേളനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഹിന്ദു-മുസ്‌ലിം ഐക്യവും മുന്നേറ്റവും കണ്ട് ഹാലിളകിയ ബ്രിട്ടീഷ് ഭരണകൂടവും അവരുടെ സില്‍ബന്തികളും ഇരുസമുദായങ്ങള്‍ക്കിടയിലും വൈരം വളര്‍ത്താനും സമരമാര്‍ഗത്തില്‍ കടമ്പകള്‍ കൊണ്ടിടാനും കുല്‍സിത മാര്‍ഗങ്ങള്‍ പുറത്തെടുത്തു. പ്രമുഖ ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ നിരോധനാജ്ഞ കൊണ്ടാണ് അദ്ദേഹത്തിന്റെ സ്വീകരണം തകര്‍ക്കാന്‍ ശ്രമിച്ചത്. മഞ്ചേരിയിലും ഒറ്റപ്പാലത്തും നടന്ന കോണ്‍ഗ്രസ്-ഖിലാഫത്ത് സമ്മേളനങ്ങള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ എഴുതിചേര്‍ത്തു. അതോടെ ക്ഷുഭിതരും പ്രകോപിതരുമായ കോളനിവാഴ്ച്ചക്കാര്‍ കരിനിയമങ്ങളും ഉരുക്കുമുഷ്ടിയും ഉപയോഗിച്ചു പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഖിലാഫത്ത് സമ്മേളനങ്ങള്‍ ജന്മിമാര്‍ക്കെതിരായ പുതിയ ഉണര്‍വും കുടിയാന്‍മാരുടെ ഐക്യബോധം ഉള്‍വഹിക്കുന്ന കൂട്ടായ്മയുമായി വളര്‍ന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയും അവരുടെ പിണിയാളുകളായ ജന്മിമാരെയും പരിഭ്രാന്തരാക്കി. ഇവിടുന്നങ്ങോട്ടാണ് വെടിവെപ്പുകളും കൂട്ടമരണങ്ങളും അരങ്ങേറുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും ഗ്രാമാന്തരങ്ങളെപ്പോലും ചോരയില്‍ മുക്കിയ അടിച്ചമര്‍ത്തലുകള്‍ മാസങ്ങളോളം നീണ്ടുനിന്നപ്പോള്‍ അതിന്റെ ഗതി മാറിമറിയുകയും വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടം വിജയിക്കുകയും ചെയ്തു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം തന്നെ നടന്നുവെന്ന് സംഭവപരമ്പരകളുടെ സൂക്ഷ്മ പഠനങ്ങള്‍ സമര്‍ഥിക്കുന്നു. മുസ്‌ലിം നേതാക്കളില്‍ ഭൂരിഭാഗവും കൊല്ലപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തതോടെ, കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പ്രക്ഷോഭത്തെ തള്ളിപ്പറയുന്നതും നാം കണ്ടു. എന്തുതന്നെയായാലും, 1921ലെ ബ്രിട്ടീഷ് വിരുദ്ധ, ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍ കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദശാസന്ധിയാണ്. ഈ കാലഘട്ടത്തിന്റെ അനുഭവങ്ങളും പാഠങ്ങളുമാണ് പിന്നീടുള്ള പ്രയാണത്തിന്റെ ദിശ നിര്‍ണയിച്ചതും പുതിയ ചിന്തകള്‍ക്ക് തീ കൊളുത്തുന്നതും.